കൊല്ലം: 21-കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂരിലാണ് സംഭവം. കാരാളികോണം സ്വദേശിനിയായ അഞ്ജന സതീഷാണ് മരിച്ചത്. ആൺസുഹൃത്ത് നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് അഞ്ജനയും നിഹാസും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.
അഞ്ജനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൺസുഹൃത്തായ നിഹാസ് സ്വകാര്യ ബസിലെ കണ്ടക്ടറാണ്. വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ആൺസുഹൃത്തിനൊപ്പം പോകണമെന്നാണ് യുവതി കോടതിയിൽ പറഞ്ഞത്. തുടർന്ന് ഒരുമിച്ച് താമസിച്ചുവരികയായിരുന്നു ഇരുവരും. ഇതിനിടെയാണ് സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.















