ന്യൂഡൽഹി: 2008-ലെ മലേഗാവ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. മുൻ ബിജെപി എംപി സാധ്വി പ്രജ്ഞ സിംഗ് താക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് കോടതി വെറുതെവിട്ടത്. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. സംഭവത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേണൽ പ്രസാദ് പുരോഹിത് സ്ഫാേടനത്തിനുള്ള സാധനങ്ങൾ എത്തിച്ചുകൊടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് തെളിയിക്കാൻ പ്രോസിക്യൂഷൻ കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രസാദ് പുരോഹിതനെതിരെയുള്ള എല്ലാ ആരോപണങ്ങളും കോടതി തള്ളിക്കളഞ്ഞു.
ഐഇഡി മോട്ടോൾ സൈക്കിളിൽ ഘടിപ്പിച്ചായിരുന്നു സ്ഫോടനം നടത്തിയതെന്ന് ആരോപിച്ചിരുന്നു. ഈ മോട്ടോർ സൈക്കിളിന്റെ ഉടമ പ്രജ്ഞ സിംഗ് താക്കൂർ എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ വാഹനത്തിന്റെ ഉടമ പ്രജ്ഞ സിംഗ് താക്കൂർ എന്ന് തെളിയിക്കാനുള്ള ഒരു രേഖകളും ഹാജരാക്കിയിരുന്നില്ല. സ്ഫോടനത്തിന് രണ്ട് വർഷം മുമ്പ് അവർ സന്യാസിയായി മാറിയിരുന്നുവെന്നും സ്വത്തുക്കൾ ഉപയോഗിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായതായി കോടതി നിരീക്ഷിച്ചു.
കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കുന്നതാണ് കോടതിയുടെ വിധിപ്രസ്ഥാവന. 343 പേരെ വിചാരണ ചെയ്തതിന് ശേഷമാണ് നിർണായക വിധി പുറപ്പെടുവിച്ചത്. 17 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.
2008 സെപ്റ്റംബർ 29-ന് നാസിക് ജില്ലയിലെ മലേഗാവ് പട്ടണത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവരാത്രി ആഘോഷങ്ങളും തലേദിവസമാണ് സ്ഫോടനമുണ്ടായത്.















