കുറ്റ്യാടി : കോഴിക്കോട്ട് വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ വനാതിർത്തിക്കുസമീപത്താണ് സംഭവം.
കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി(43)യെയാണ് കാണാതായത്. ഇവരുടെ വീട്ടിൽനിന്ന് വനാതിർത്തിയിലേക്ക് 50 മീറ്റർ ദൂരംമാത്രമേയുള്ളൂ. ഇവരെ കണ്ടെത്താനായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി.
ബോബി വീട്ടിൽ ചില നാൽക്കാലികളെ വളർത്തുന്നുണ്ട് . പശുവിനെ മേയ്‌ക്കാനായി വനമേഖലയിലേക്കുപോയ ബോബിയെ ഉച്ചയ്‌ക്ക് വിളിച്ചപ്പോൾ ഫോണിൽ കിട്ടിയിരുന്നു. ഇവരുടെ മക്കൾ വൈകീട്ട് നാലരയ്‌ക്ക് സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മയില്ലെന്ന് മനസ്സിലായത്. തുടർന്ന് നാട്ടുകാർ ഉൾപ്പെടെ പലരും പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വനംവകുപ്പിലും പോലീസിലും വിവരമറിയിച്ചതോടെ അവർ എത്തി രാത്രിവൈകിയും തിരച്ചിൽ തുടരുകയാണ്.
ഇരുട്ട് ആയതിനാൽ കൂടുതൽ വനമേഖലയിലേക്ക് കയറി തിരച്ചിൽനടത്താൻ പ്രയാസം നേരിടുന്നുണ്ട്.















