തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ സംഘർഷം. എസ്എഫ്ഐ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തമ്മിൽത്തല്ലിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന് മർദ്ദനമേറ്റു. റാഗിംഗുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്. കോളേജ് വളപ്പിലായിരുന്നു സംഘർഷം. പ്രശ്നം പരിഹരിക്കാനെത്തിയ പ്രസിഡന്റിനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് മർദ്ദിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ജില്ലാ നേതാവ് യൂണിവേഴ്സിറ്റി കോളേജിലെത്തിയത്. കോളേജിൽ റാഗിംഗ് നടന്നുവെന്നും അതിൽ ചില എസ്എഫ്ഐ പ്രവർത്തകർക്ക് ബന്ധമുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേതാവ് എത്തിയത്. കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ജില്ലാ പ്രസിഡന്റിനെ മർദ്ദിക്കുകയായിരുന്നു.
കോളേജ് യൂണിറ്റ് കമ്മിറ്റി തലവേദനയാണെന്നും സംഭവത്തിൽ നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. യൂണിറ്റ് സെക്രട്ടറിയൊഴികെ എല്ലാവർക്കുമെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരുടെ ഗുണ്ടായിസം കാരണം യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ ആറ് മാസ് മുമ്പ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ നടപടിയുമായി മുന്നോട്ട് പോയിരുന്നില്ല.















