ന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. നീതിയുടെ ഭാഗത്താണ് ബിജെപി നിൽക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിരന്തരം ആശയവിനിമയം നടത്തിയിരുന്നെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് ചന്ദ്രശേഖർ, ഷോൺ ജോർജ്, അനൂപ് ആന്റണി എന്നിവർക്കും നന്ദി അറിയിക്കുന്നു. ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ കന്യാസ്ത്രീകൾക്കും പുരോഹിതന്മാർക്കും നേരെ സമാന സംഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
കേരളത്തിൽ നിന്നും പ്രവർത്തനങ്ങൾക്ക് പോയ കന്യാസ്ത്രീകൾക്ക് നീതിവാങ്ങി കൊടുക്കേണ്ടത് ബിജെപിയുടെ കടമയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് മനുഷ്യത്വപരമായ ഇടപെടൽ നടത്തിയത്. രാജീവ് ചന്ദ്രശേഖർ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു, ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. അവരുമായിട്ടെല്ലാം നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഒരു രാഷ്‌ട്രീയ പാർട്ടി എന്ന നിലയിൽ ഇക്കാര്യത്തിൽ നിരന്തരമായി ഇടപ്പെട്ടിരുന്ന പാർട്ടി ബിജെപി മാത്രമാണ്. രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഢിലെത്തി ബന്ധപ്പെട്ടവരെല്ലാവരെയും കണ്ടു. ഈ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നത്.
വളരെ ആത്മാർത്ഥമായും സത്യസന്ധമായുമാണ് വിഷയത്തിൽ ബിജെപി ഇടപ്പെട്ടത്. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ഏതറ്റംവരെയും പോകാൻ ബിജെപി തയാറായിരുന്നു. കേസിനെ കുറിച്ച് പിന്നീട് ചർച്ചകൾ നടത്തും. കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് അവരെ പുറത്തുകൊണ്ടുവരുന്നതിനെ കുറിച്ചോ കേസിനെ കുറിച്ചോ ആരും ചർച്ച ചെയ്തിട്ടില്ല. ബിജെപി ഭരിക്കുന്നതിനാലാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാവുന്നത്. ഏത് രാഷ്‌ട്രീയ പാർട്ടിയുടെ ഉന്നത നേതാക്കന്മാരാണ് നേരിട്ട് ഇടപെട്ടിട്ടുള്ളത്. ക്രൈസ്തവ ജനതയെ സ്നേഹത്തോടെയും ആദരവോടെയാണ് കണ്ട് മുന്നോട്ട് പോകാൻ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.















