ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും രാജ്യത്തിനകത്ത് ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായതെല്ലാം സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ പോവുകയാണ്. അതിനാലാണ് സാമ്പത്തിക താത്പര്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കേണ്ടത്. ഇന്ത്യക്കാർ നിർമിക്കുന്ന വസ്തുക്കൾ മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന് ഉറച്ച തീരുമാനമെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും ക്ഷേമം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ഉറപ്പാക്കുന്നതിനാണ് കേന്ദ്രസർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇടിഞ്ഞു’ എന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരാമർശത്തിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.















