ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ അഖലിൽ മൂന്ന് ദി റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരരെ (ടിആർഎഫ്) വധിച്ച് സുരക്ഷാസേന. ഓപ്പറേഷനിൽ ഒരു സൈനികന് പരിക്കേറ്റു. ഓപ്പറേഷൻ അഖൽ മൂന്നാം ദിവസത്തിലാണ് രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചത്. കശ്മീരിലെ കുൽഗാമിലാണ് ഏറ്റുമുട്ടൽ നടന്നത്. ഓപ്പറേഷൻ അഖലിൽ ഇതുവരെ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു.
കുൽഗാമിലെ വനമേഖലയിൽ രാത്രി വൻ സ്ഫോടനങ്ങളും വെടിവയ്പുകളും നടന്നിരുന്നു. ജമ്മുകശ്മീർ പൊലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. അഖൽ മേഖലകളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. സൈനികരെ കണ്ടതോടെ വനത്തിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
രാത്രി മുഴുവൻ പ്രദേശത്ത് വെടിവയ്പ് നടന്നു. നിലവിൽ വനത്തിനുള്ളിൽ പരിശോധന തുടരുകയാണ്. ഡിജിപിയും 15 കോർപ്സ് കമാൻഡറും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.















