എറണാകുളം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് വിദ്യാഭ്യാസ വികാസ കേന്ദ്രം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തലമുറകൾക്ക് മാർഗദർശനമേകിയ കേരളത്തിന്റെ ജ്ഞാനഗുരുവായിരുന്നു പ്രൊഫ എം കെ സാനുമാഷെന്ന് ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ കേരള ഘടകമായ വിദ്യാഭ്യാസ വികാസ കേന്ദ്രം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കൊച്ചിയിൽ നടന്ന ജ്ഞാനസഭയ്‌ക്ക് മുന്നോടിയായി ഗുരുപൂർണിമ ദിനത്തിൽ സംഘടിപ്പിച്ച ഗുരുവന്ദനം ചടങ്ങിൽ പ്രൊഫ എം കെ സാനുമാഷിനെ ആദരിച്ചതും ജ്ഞാനസഭയുടെ ബ്രോഷർ പ്രകാശനം ചെയ്തതും സ്മരിക്കുന്നുവെന്നും വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി ബി.കെ.പ്രിയേഷ് കുമാർ അഭിപ്രായപ്പെട്ടു.
ഗുരുപൂർണിമയിൽ പങ്കെടുത്ത സാനു മാഷ് എല്ലാവർക്കും ഗുരുപൂർണിമ സന്ദേശവും ജ്ഞാനസഭയ്‌ക്കുള്ള ആശംസയും നൽകുന്ന വീഡിയോ വിദ്യാഭ്യാസ വികാസ കേന്ദ്രം പങ്കുവച്ചു. ”ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ കേരള ഘടകമായ വിദ്യാഭ്യാസ വികാസ കേന്ദ്രം സംഘടിപ്പിച്ച ജ്ഞാനസഭയ്‌ക്ക് മുന്നോടിയായി ഗുരുപൂർണിമദിനത്തിൽ നടന്ന ഗുരുവന്ദനം ചടങ്ങിൽ പ്രൊഫ എം കെ സാനുമാഷിനെ ആദരിച്ച നിമിഷങ്ങൾ”- എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.















