ന്യൂഡൽഹി: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളി ഭാര്യ. ഹരിയാനയിലെ സോനിപതിലാണ് സംഭവം. യുവതിയും കാമുകനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്. സംഭവത്തിൽ ഇരുവരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 42-കാരനായ പ്രീതം പ്രകാശാണ് മരിച്ചത്. അലിപൂർ സ്വദേശിനിയായ സോണിയ, കാമുകൻ രോഹിത് എന്നിവരാണ് പ്രതികൾ. കൊലപാതകത്തിൽ മറ്റൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രീതവും സോണിയയും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങളിലാണ്. ഇതിനിടെയാണ് കാമുകൻ രോഹിതുമായി യുവതി സൗഹൃദത്തിലായത്. ഇതിന് പിന്നാലെ പ്രീതത്തെ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. 2024 ജൂലൈയിലാണ് പ്രീതത്തെ കൊലപ്പെടുത്തിയത്. ഇതിനായി മറ്റൊരാളെയും സോണിയ ഏർപ്പെടുത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.
തന്റെ ഭർത്താവ് പുറത്ത് പോയിയെന്നും തിരിച്ചെത്തിയില്ലെന്നുമാണ് സോണിയ നാട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി വ്യാജ പരാതിയും നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പ്രീതം ഉപയോഗിച്ചിരുന്ന ഒരു ഫോൺ നമ്പർ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതാണ് കേസിന് നിർണായകമായത്.
ചോദ്യം ചെയ്യലിൽ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് പൊലീസ് തെളിവ് നിരത്തിയതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. സോണിയയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അതിനാലാണ് പ്രീതത്തെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.















