സെലിബ്രിറ്റികളെയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരെയും സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന ഒന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുന്ന അഭിമുഖങ്ങൾ. ജനങ്ങളെ സ്വാധീനിക്കാൻ ഓൺലൈൻ ചാനലുകളിലെ ഇത്തരം അഭിമുഖങ്ങളിലൂടെ സാധിക്കുന്നു. എന്നാൽ, അതിഥിയായി എത്തിയ വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറിയുള്ള ചോദ്യങ്ങൾ കാഴ്ചക്കാർക്ക് പോലും വളരെയധികം അരോചകമായി തോന്നാറുണ്ട്. വൈറലാകാൻ വേണ്ടി ക്യൂട്ട്നെസിടുകയും അശ്ലീല വാക്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അഭിമുഖമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വിവാദമാകുന്നത്.
പ്രമുഖ ഓൺലൈൻ ചാനൽ പുറത്തുവിട്ട ഒരു 19 -കാരന്റെ അഭിമുഖമാണ് വിമർശനങ്ങൾക്ക് വഴിവയ്‌ക്കുന്നത്. പരസ്പര ബോധമില്ലാതെ മറുപടി പറയുന്ന ആ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുടെ വർത്തമാനങ്ങൾ കേട്ട് ആസ്വദിക്കാനും ചിരിക്കാനും മാത്രമേ അവതാരകയ്‌ക്ക് സാധിച്ചുള്ളൂ എന്നത് അപമാനകരം. സ്ത്രീകൾ കുളിക്കുമ്പോൾ രഹസ്യമായി നോക്കുമെന്നും അതൊരു ഹരമാണെന്നും ഒരു മടിയുമില്ലാതെ തുറന്നുപറയുന്ന മുഹമ്മദ് എന്ന മമു എന്ന ഇൻഫ്ലുവൻസറാണ് ഇവിടുത്തെ താരം. ലഹരിക്കേസ് ഉൾപ്പെടെ വിവിധ കേസുകളിൽ പൊലീസിന്റെ നോട്ടപ്പുള്ളിയായ തൊപ്പിയുടെ (ഇൻഫ്ലുവൻസർ) സുഹൃത്താണ് മുഹമ്മദ്.
അഭിമുഖം പുറത്തുവന്നതിന് പിന്നാലെ, സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുമെന്ന് അഭിമാനത്തോടെ പറയുന്ന മുഹമ്മദും കേട്ട് ചിരിയടക്കാൻ കഴിയാത്ത അവതാരകയുമാണ് സോഷ്യൽയിടങ്ങളിലെ ചർച്ച. ‘ഇങ്ങനെ ഒളിഞ്ഞുനോക്കുമ്പോൾ ആരെങ്കിലും പിടിച്ചിട്ടുണ്ടോ, തല്ലിയിട്ടുണ്ടോ’ എന്നായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം. അന്താരാഷ്‌ട്ര വിഷയം എന്നപോലെയാണ് കുളിസീൻ കാണുന്നതിനെ കുറിച്ച് അവതാരകയായ നൈനിഷ ചോദിച്ചറിയുന്നത്. അഭിമുഖം പബ്ലിഷ് ചെയ്തതോടെ വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ് നൈനിഷയും മുഹമ്മദും. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് നൈനിഷ രംഗത്തെത്തിയിരുന്നു. എന്നാലും ഇവരെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ സജീവമായി തുടരുകയാണ്.















