ബെംഗളൂരു: കർണ്ണാടകയിൽ മലയാളി വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായി. സോളദേവനഹള്ളയിലെ പ്രമുഖ കോളജിലെ വിദ്യാർത്ഥിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പേയിംഗ് ഗസ്റ്റ് സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശിയായ അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. പത്ത് ദിവസം മുൻപാണ് പെൺകുട്ടി അഷ്റഫിന്റെ സ്ഥാപത്തിൽ പേയിംഗ് ഗസ്റ്റായി താമസം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി മുറിയിൽ എത്തിയ അഷ്റഫ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റി നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി ക്രൂരമായ ഉപദ്രവിക്കുകയായിരുന്നു. കാറിൽ വച്ച് പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഇതു കണ്ട് സുഹൃത്തുക്കൾ എത്തിയപ്പോഴേക്കും വിദ്യാർത്ഥിനി പീഡനത്തിന് ഇരയായിരുന്നു.
പെൺകുട്ടി ഇപ്പോൾ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടികൾ മാത്രമാണ് അഷ്റഫിന്റെ പേയിംഗ് ഗസ്റ്റ് സംവിധാനത്തിൽ താമസിച്ചിരുന്നത്. മുൻപും പ്രതി ഇത്തരം അതിക്രമങ്ങൾ കാണിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.















