റായ്പൂർ: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾക്കൊപ്പം കണ്ടെത്തിയ പെൺകുട്ടികളുടെ മൊഴിമാറ്റത്തിനും പൊലീസ് പരാതിക്കും പിന്നിൽ സിപിഐ. മാവോയിസ്റ്റ് ശക്തി കേന്ദ്രമായ നാരായൺപൂരിലാണ് മൊഴിമാറ്റത്തിനും പൊലീസ് പരാതിക്കും അടിസ്ഥാനമായ ഗൂഢാലോചന നടന്നത്. സിപിഐ ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന ഗൂഢാലോചനയുടെ ദൃശ്യങ്ങൾ ജനം ടി വിക്ക് ലഭിച്ചു.
രണ്ട് ദിവസം മുൻപാണ് പെൺകുട്ടികളും കുടുംബവും നാരായൺപൂരിലെ സിപിഐയുടെ ജില്ലാ കൗൺസിൽ ഓഫീസിൽ എത്തിയത്. ഇവിടെ വച്ച് സിപിഐ നേതാക്കളാണ് പരാതി തയ്യാറാക്കി ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടികൾ മൊഴി മാറ്റിയതോടെ ശനിയാഴ്ച കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നു. ഗൂഢാലോചനയുടെ അടുത്ത ഘട്ടമായി, ഞായറാഴ്ച കേരളത്തിലെ ചില മാദ്ധ്യമങ്ങളെ നാരായൺപൂരിലേക്ക് വിളിച്ച് വരുത്തി പെൺകുട്ടികളുടെ ബൈറ്റ് നൽകുകയും ചെയ്തു.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചിട്ടും വിഷയത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം ഇടത് കക്ഷികൾ തുടരുകയാണ്. സിപിഎമ്മിന് യാതൊരും സ്വാധിനവും ഇല്ലാത്ത മേഖലാണ് നാരായൺപൂർ. എന്നാൽ മാവോയിസ്റ്റ് ശക്തി കേന്ദ്രത്തിൽ സിപിഐയുടെ പ്രവർത്തനം ശക്തമാണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് പെൺകുട്ടികളുടെ പരാതിയും മൊഴിമാറ്റവും നടന്നത്. ബജ്രംഗ് ദളിനെതിരെയും മൊഴിനൽകാൻ പ്രേരിപ്പിച്ചതും ഈ ഗൂഢാലോചനയുടെ ഫലമാണ്. സുരക്ഷ നൽകാൻ എന്ന പേരിൽ പെൺകുട്ടികളെ ഇപ്പോഴും സിപിഐയുടെ ഓഫീസിലാണ് പാർപ്പിച്ചിരിക്കുകയാണ്.















