ആലുവ: നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയും ആൺ സുഹൃത്തും പിടിയിൽ. ആറു ദിവസം പ്രായമായ കുഞ്ഞിനെ വയോധികയ്‌ക്കാണ് ഇവർ കൈമാറിയത്. വയോധികയുടെ മുപ്പത്തത്തെ വീട്ടിൽ നിന്നും കുഞ്ഞിനെ കളമശ്ശേരി പോലീസ് കണ്ടെത്തി. ആലുവ സ്വദേശിയായ അമ്മയെ ഒന്നാം പ്രതിയും കാമുകനായ ജോൺ തോമസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ടുകുട്ടികളുടെ അമ്മയായ യുവതി ഭർത്താവുമായി അകന്നു കഴിയുകയാണ്. ആലുവയിലെ വീട്ടിലായിരുന്നു ഇവർ താമസം. ഇവിടെ വെച്ചാണ് മൂന്ന് മക്കളുടെ അച്ഛനായ ജോൺ തോമസുമായി അടുപ്പത്തിലാകുന്നത്. ഈ ബന്ധത്തിൽ പിറന്ന കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. കഴിഞ്ഞമാസം 26ാം തീയതി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ആൺകുഞ്ഞ് ജനിച്ചത്.
ഞായറാഴ്ച ഇവർ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് വാങ്ങി. അതിനിടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുപ്പത്തടത്തെ ലോഡ്ജിൽ നിന്നും യുവതിയെയും കാമുകനെയും കണ്ടെത്തി. യുവതിയുടെ രണ്ട് മക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ നവജാതശിശു കൂടെയുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികയുടെ കയ്യിൽ കുഞ്ഞുണ്ടെന്ന് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോൾ വയോധികയുടെ ഭർത്താവും വീട്ടിലുണ്ടായിരുന്നു.
കുഞ്ഞിനെ നൽകിയത് പണം വാങ്ങിയല്ല എന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. അമ്മയും കുഞ്ഞും സിഡബ്ല്യുസിയുടെ ചുമതലയിലാണ്. ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞ് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിലാണ്. അമ്മയെ കാക്കനാട് മഹിളാ കേന്ദ്രത്തിലേക്ക് മാറ്റി. കാമുകൻ റിമാൻഡിലാണ്.















