കൊച്ചിയിലെ ക്രിസ്ത്യൻ പുരോഹിതർക്ക് മാവോയിസ്റ്റ് ബന്ധം. സീറോ മലബാർ സഭയിലെ മൂന്ന് പുരോഹിതർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കാത്തലിക് ഫോറം പ്രസിഡൻ്റ് ബിനു ചാക്കോ പരാതി നൽകി. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതിയുടെ പകർപ്പുകൾ അയച്ചിട്ടുണ്ട്.
2022ൽ സഭയുടെ സിനഡ് വിഷയം ചർച്ച ചെയ്തതാണെന്ന് ബിനു ചാക്കോ ജനം ടിവിയോട് പറഞ്ഞു. സിനഡ് അനുബന്ധ രേഖയിൽ എറണാകുളത്തെ ചില വൈദികർക്ക് തീവ്രവാദ ശക്തികളുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുരുതര കാര്യങ്ങളാണ് ബോധ്യപ്പെട്ടത്. സീറോ മലബാർ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു ഡസൻ വൈദികർക്ക് മവോയിസ്റ്റ്- രാജ്യവിരുദ്ധ ശക്തികളുമായി കൂട്ടകെട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുൻപ് കേരളത്തിൽ നടന്ന പ്രധാനപ്പെട്ട പല സമരങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരികരിച്ചിരുന്നു. മുത്തങ്ങ, ചെങ്ങറ, കൊക്കകോള, ഗെയിൽ പൈപ്പ് ലൈൻ, വയൽക്കിളി സമരങ്ങൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. സംസ്ഥാന സർക്കാർ നിയമിച്ച ഏജൻസികൾ നടത്തിയ ഇത് സ്ഥിരീകരിച്ചിരുന്നു. ഈ സമരങ്ങൾക്ക് ഫാ. അഗസ്റ്റിൽ വട്ടോളിയെ പോലുള്ളവർ പിന്തുണ കൊടുത്തിട്ടുണ്ട്. വൈദികരുടെ പേര് പറഞ്ഞ് തന്നെയാണ് പരാതി നൽകിയത്. ഇവരുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചാൽ തന്നെ ഇത് സ്ഥിരീകരിക്കും. ഇവരുടെ യാത്രകളും അന്വേഷിക്കണം. സീനിയർ വൈദികരായ ഇവർ ചെറിയ പള്ളികളിൽ ജോലി ചെയ്തുകൊണ്ട് കൂടുതൽ സമയവും മറ്റ് പലകാര്യങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്. കേരളത്തിലെ മാവോയിസ്റ്റ്- നക്സൽ സാന്നിധ്യവുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവിധ സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവിരുദ്ധ സംഘടനകളിൽ നിന്നും പണം കൈപ്പറ്റി അത് കമ്യൂണിസ്റ്റ് ഭീകരർക്ക് കൈമാറുന്നു ഏജന്റുമാണ് ഇവരെന്ന് എന്ന ഗുരുതര ആരോപണവും ബിനു ചാക്കോ ഉന്നയിച്ചു. 2017 ൽ സഭ ആസ്ഥാനത്ത് വച്ച് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആക്രമിക്കപ്പെട്ടിരുന്നു. കൈയ്യറ്റം ശ്രമം നടത്തിയവരെ കുറിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. വിശദമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായിട്ടില്ലെന്നും കാത്തലിക് ഫോറം പ്രസിഡൻ്റ് പറഞ്ഞു.















