ന്യൂഡൽഹി: ഭാരതത്തിന് വീണ്ടും താരിഫ് ഉയർത്തുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഭാരതം. ഭീഷണിക്ക് വഴങ്ങില്ലെന്നും ദേശീയ താത്‍പര്യവും സാമ്പത്തിക സുരക്ഷയും ഭാരതം സംരക്ഷിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
യുക്രെയ്ൻ സംഘർഷത്തിന് ശേഷവും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള തീരുമാനത്തെ അമേരിക്ക അന്ന് പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വൾ ചൂണ്ടക്കാട്ടി. പരമ്പരാഗത മാർഗങ്ങൾ അടഞ്ഞതിനാലാണ് ഭാരതത്തിന്റ അന്നത്തെ തീരുമാനം. ആഗോള ഊർജ വിപണിയിൽ സ്ഥിരത നിലനിർത്താൻ ഭാരതത്തിന്റെ ശ്രമങ്ങൾ യുഎസ് പിന്തുണച്ചിരുന്നെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ദേശീയ താത്‍പര്യവും സാമ്പത്തിക സുരക്ഷയും മുൻനീർത്തിയെടുക്കുന്ന തീരുമാനത്തെ സ്വാധീനിക്കാൻ മറ്റൊരു രാജ്യത്തിനും കഴിയില്ല. മാത്രമല്ല ആ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളോ അന്താരാഷ്‌ട്ര നിലപാടുകളോ ഇക്കാര്യത്തിൽ സ്വാധീനിക്കില്ല. കാലങ്ങളായി യുഎസും യൂറോപ്യൻ യൂണിയനും ഭാരതത്തെ ലക്ഷ്യം വയ്‌ക്കുന്നു. എന്നാൽ ഇവരുടെ സമ്മർദ്ദം വിലപ്പോവില്ലെന്നും എണ്ണ ഇറക്കുമതി നിർത്തിവെക്കാൻ തയ്യാറല്ലെന്നും ഭാരതം ഉറച്ച നിലപാട് എടുത്തു.
അധിക നികുതി ചുമത്തി സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിന് വഴങ്ങിക്കൊടുക്കില്ലെന്നാണ് ഭാരതത്തിന്റെ നിലപാട്. ആലോചിച്ച് ഉറപ്പ് തന്നെയാണ് വിദേശകാര്യ മന്ത്രാലത്തിന്റെ പ്രതീകരണവും. ട്രംപിന്റെ അധിക തീരുവകൾ രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിക്കില്ലെന്ന് തിരിച്ചറിവാണ് ശക്തമായ നിലപാട് എടുക്കാൻ പ്രേരണയായത്. ട്രംപിന്റെയും യൂറോപ്യൻ യൂണിയന്റെയും നീക്കം ജീഡിപിയിൽ വെറും .02 ശതമാനത്തിന്റെ കുറവാണ് വരുത്തുകയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. റഷ്യയുമായി എണ്ണ ഇടപാട് നടത്തുന്നതിനാൽ അധിക താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ മാസം ഏഴ് മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് യുഎസ് നീക്കം.















