കണ്ണൂർ: ജയിൽപ്പുള്ളികളായ കൊടി സുനിയും സംഘവും മദ്യപിച്ച സംഭവത്തിൽ വിചിത്ര വാദവുമായി തലശ്ശേരി പൊലീസ്. ആർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് മറ്റൊരു വാദം.
കഴിഞ്ഞ ദിവസമാണ് പൊലീസ് കാവലിലുള്ള പരസ്യ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. 17ാം തീയതി തലശ്ശേരി കോടതിയിൽ നിന്നും മടങ്ങവേയാണ് ഹോട്ടൽ പരിസത്ത് വച്ച് കൊലപ്പുള്ളികൾ മദ്യപിച്ചത്. 21 തീയതി സംഭവം പുറത്തുവരു ൾ കൊടി സുനി 15 ദിവസത്തെ പരോളിലായിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ 31 നാണ് കൊടി സുനി ജയിലിൽ തിരിച്ചെത്തുന്നത്. മദ്യപാന കേസ് ഭാവി പരോളിനെ ബാധിക്കും. കൊടി സുനിക്കാണെങ്കിൽ വാരിക്കോരിയാണ് പരോൾ നൽകുന്നത്. ഇതാണ് പൊലീസ് കേസെടുക്കാതിരിക്കാൻ കാരണം.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ മുകളിൽ ഗ്ലാസും മദ്യക്കുപ്പിയും നിരത്തി വച്ചിരിക്കുന്നത് കാണാം. മാറി മാറി കുടിക്കുന്നതും അച്ചാർ കവർ പൊട്ടിച്ച് നുണയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സുഹൃത്തുക്കളാണ് കൊടി സുനിക്ക് മദ്യം എത്തിച്ച് നൽകിയത്.
കഴിഞ്ഞ ദിവസം മദ്യപിക്കാൻ അവസരം ഒരുക്കി കൊടുത്തെന്ന പേരിൽ മൂന്ന് സിപിഒ മാരെ സസ്പെൻഡ് ചെയ്തിരുന്നു. ക്യാപ്സ്യൂൾ ഇറക്കി പൊലീസ് തലയൂരാൻ ശ്രമിക്കുമ്പോൾ, മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.















