കൊൽക്കത്ത: പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ബംഗാളിലെ കൂച്ച് ബെഹാറിൽ വച്ചാണ് സംഭവം. സുവേന്ദു അധികാരി കൂച്ച് ബെഹാർ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. അതിക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെന്ന് ബിജെപി വിമർശിച്ചു.
തൃണമൂൽ പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുവേന്ദു അധികാരിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ തൃണമൂൽ പ്രവർത്തകർ കരിങ്കൊടി വീശുകയും തടസപ്പെടുത്തുകയും ചെയ്തു. തൃണമൂൽ പ്രവർത്തകരുടെ അതിക്രമത്തിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കരിങ്കൊടികളുമായി നിരവധി തൃണമൂൽ പ്രവർത്തകർ റോഡിൽ തടിച്ചുകൂടിയിരുന്നു. സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ചെരിപ്പെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാൽ ആരോപണം മാത്രമാണെന്നാണ് തൃണമൂൽ നേതാക്കളുടെ വാദം. സംഭവത്തിൽ അന്വേഷണം വേണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.















