ഡെറാഡൂൺ: ഉത്തരകാശിയിലെ ഹർഷിൽ സൈനിക ക്യാമ്പിലുണ്ടായ മേഘവിസ്ഫോടനത്തിൽ പത്തിലധികം സൈനികരെ കാണാതായി. സ്ഥലത്ത് തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. അപകടസമയത്ത് സൈനികർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ധരാലിയിൽ നിന്ന് വെറും നാല് കിലോമീറ്റർ ദുരത്താണ് ഹർഷിൽ സൈനിക ക്യാമ്പ് സ്ഥിതിചെയ്യുന്നത്.
ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന സ്ഥലമാണ് ധരാലി. 1.45-ന് ധരാലിയിലുണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെയാണ് ഹർഷിലിൽ മണ്ണിടിച്ചിലുണ്ടായത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട്. ധരാലിയിലുണ്ടായിരുന്ന നിരവധി ഹോട്ടലുകളും വീടുകളും വെള്ളത്തിൽ ഒലിച്ചുപോയി. ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. 150 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയാണ് സ്ഥലത്ത് വിന്യസിച്ചത്. മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. ഇവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് അധിക ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.















