ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിനേയും അനുബന്ധ തീവ്ര സംഘടനകളെയും ഭീകര സംഘടനകളായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. സാഖിബ് അബ്ദുൾ ഹമീദ് നാച്ചൻ എന്ന ഭീകരവാദിയാണ് ഹർജി നൽകിയിരുന്നത്.
ഖിലാഫത്തും ജിഹാദും മതപരമായ കാര്യമാണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റിനെ നിരോധിച്ചതെന്നാണ് ഹർജിക്കാരന്റെ വാദം. ഇതിന് പിന്നാലെ കോടതി നിയോഗിച്ച അമിക്കസ്ക്യുറിയും ഹർജിക്കാരന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. ജിഹാദും ഖിലാത്തും ഭീകരവാദവുമായി ബന്ധപ്പെടുത്തിയത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഏത് സാഹചര്യത്തിൽ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ബന്ധം നിശ്ചയിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരൻ അബ്ദുൾ ഹമീദ് നാച്ചനും മകനും നിരവധി ഭീകരവാദ കേസുകളിൽ പ്രതികളാണ്. ജയിലിൽ കഴിയവേ കഴിഞ്ഞ ജൂണിൽ മസ്തിഷ്ക രക്തസ്രാവം മൂലം ഹമീദ് നാച്ചൻ മരിച്ചു. 2002 ഡിസംബർ 6 നും മാർച്ച് 13 നും ഇടയിൽ മുംബൈയിൽ നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരനാണ് ഇയാൾ. സ്ഫോടനങ്ങളിൽ 11 പേർ കൊല്ലപ്പെടുകയും 82 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നും നിരവധി കേസുകളിൽ അറസ്റ്റിലാവുകയും ജാമ്യത്തിൽ പുറങ്ങുകയും ചെയ്തു. ഏറ്റവും ഒടുവിൽ 2023 ഡിസംബർ 9 ന് മഹാരാഷ്‌ട്ര ഐസിസ് മൊഡ്യൂളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു അറസ്റ്റ്. അതേ വർഷം ഓഗസ്റ്റിൽ സമാന കേസിൽ മകൻ ഷാമിലിനെയും എൻഐഎ അറസ്റ്റ് ചെയ്തു.
ഖിലാഫത്ത്, ജിഹാദ് എന്നീ രണ്ട് വാക്കുകൾ ചൂണ്ടിക്കാട്ടി വരുടെ ജാമ്യത്തെ എൻഐഎ എതിർത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയെ സമീപിച്ചത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിരോധനങ്ങളും തുടരുമെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയും ചെയ്തു.















