ന്യൂഡൽഹി : വരും കാലങ്ങളിൽ, രാജ്യത്തിന്റെ ദിശ കർത്തവ്യ ഭവനിൽ നിന്ന് നിർണയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി. കർത്തവ്യ ഭവൻ വികസിത ഭാരതത്തിന്റെ നയങ്ങളെയും ദിശയെയും നയിക്കുമെന്നും രാജ്യത്തിന്റെ ‘അമൃത് കാല’ത്തിന്റെ പ്രധാന തീരുമാനങ്ങൾ ഇവിടെ നിന്ന് എടുക്കുമെന്നും കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
“മന്ത്രാലയങ്ങളുടെ വാടക ഇനത്തിൽ കേന്ദ്രം ഒരുവർഷം 1,500 കോടി രൂപ ചെലവഴിക്കുന്നു. ഇത് വെറും അടിസ്ഥാന സൗകര്യത്തിന്റെ കാര്യമല്ല, മറിച്ച് വീക്ഷിത് ഭാരതത്തിന്റെ വിത്ത് ഈ കെട്ടിടത്തിൽ നിന്നാണ് വിതയ്‌ക്കുന്നത്. ഭാരതത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി കർത്തവ്യ ഭവൻ പ്രവർത്തിക്കും” പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹിയുടെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുകുടക്കീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കർത്തവ്യ ഭവൻ രാജ്യത്തിന് സമർപ്പിച്ച പ്രധാനമന്ത്രി, ആദ്യം ഉദ്ഘാടനം ചെയ്തത് കർത്തവ്യ ഭവൻ-03, ആഭ്യന്തരം, ഡിഒപിടി, പെട്രോളിയം ,വിദേശകാര്യം, ഗ്രാമവികസനം, എംഎസ്എംഇ, പ്രകൃതി വാതക മന്ത്രാലയങ്ങൾ, പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ ഓഫീസ് ഉൾപ്പെടുന്ന ഭാഗമാണ്. ചടങ്ങിനിടെ പ്രധാനമന്ത്രി കർത്തവ്യ ഭവന്റെ പരിസരത്ത് ഒരു തൈ നടുകയും ചെയ്തു.















