ബെംഗളൂരു: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മതപ്രഭാഷകൻ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. മഹാലിംഗപൂർ സ്വദേശിയായ തുഫൈൽ അഹമ്മദാണ് അറസ്റ്റിലായത്. സോഷ്യൽമീഡിയയും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
2023-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ആക്ടിവിസ്റ്റ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് കുട്ടിയെയും കുടുംബത്തെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. മദ്രസയ്‌ക്കുള്ളിൽ സിസിടിവി കാമറകളിൽ പീഡനദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
കുട്ടിയുടെ ഭാവിയെ കരുതിയാണ് വീട്ടുകാർ പീഡനവിവരം പുറത്തുപറയാതിരുന്നത്. എന്നാൽ ആക്ടിവിസ്റ്റിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായതോടെ പൊലീസ് കുടുംബത്തെ സമീപിക്കുകയായിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് കുടുംബം വ്യക്തമാക്കി. പിന്നാലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് കേസെടുക്കുകയായിരുന്നു.















