കൊച്ചി : കോതമംഗലത്ത് സാമ്പത്തിക തർക്കത്തിന്റെ പേരിൽ ആൺസുഹൃത്തിനെ കൊല്ലാൻ അദീന കളനാശിനി കലർത്തിയത് റെഡ്‌ബുള്ളിലെന്ന് പൊലീസ് കണ്ടെത്തൽ. പ്രതിയുടെ വീട്ടിൽ നിന്നും തെളിവുകൾ കണ്ടെത്തി. വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് അദീന നിരവധി തവണ അൻസിലിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ബ്ലോക്ക് ചെയ്തതോടെ സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ചാണ് അൻസിലിനെ അദീന വീട്ടിലേക്ക് വരുത്തിയത്. അൻസിൽ സ്ഥിരമായി റെഡ്‌ബുൾ കുടിക്കാറുണ്ടെന്ന് മനസ്സിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് കണ്ടെത്തി.
വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജൂലൈ 30നാണ് അന്‍സിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സിലിന്‍റെ മരണം. ഡ്രൈവറായ അൻസിലും അദീനയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അൻസിൽ. സംശയിത്തിന്റെ പേരിൽ അൻസിൽ നിരന്തരമായി അദീനയെ ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ അദീന പൊലീസിൽ പരാതി നൽകിയിരുന്നു. ഉപദ്രവം വർധിച്ചതോടെ ബന്ധത്തിൽനിന്നു പിന്മാറാൻ അദീന ശ്രമിച്ചെങ്കിലും അൻസിൽ തയാറായില്ല. ഇതോടെയാണ് അൻസിലിനെ കൊലപ്പെടുത്താൻ അദീന തീരുമാനമെടുത്തതെന്ന് പൊലീസ് പറയുന്നു.















