ന്യൂഡൽഹി: ഭാരതത്തിന്റെ ഇറക്കുമതി തീരുവ 25 ശതമാനം വർദ്ധിപ്പിച്ച യുഎസിന്റെ പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം അന്യായവും അനീതിയുമാണെന്ന് ഇന്ത്യ വിമർശിച്ചു. രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്താനുള്ള യുഎസിന്റെ നിലപാട് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ 1.4 ബില്യൺ ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തത്. ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന നടപടികളിൽ അധിക തീരുവ ചുമത്താൻ യുഎസ് തീരുമാനിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്.
യുഎസ് നടപടികൾ അന്യായവും അനീതിയും യുക്തിരഹിതവുമാണ്. രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 ശതമാനം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. നേരത്തെ 25 ശതമാനം തീരുവ ഉയർത്തിയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ തുടർച്ചയായി എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ യുഎസ് തീരുമാനിച്ചത്.















