യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്‌ക്ക് മേൽ തീരുവ യുദ്ധം പ്രഖ്യാപിച്ചത് യുക്രൈയ്നോടുളള ‘അമിത സ്നേഹം’ കൊണ്ടോ, ലോക സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നത് കൊണ്ടോ അല്ല. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞാണ് കഴിഞ്ഞ ദിവസം 25 ശതമാനം പിഴ തീരുവ ചുമത്തിയിരിക്കുന്നത്.
ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇതുപോലുള്ള നിരവധി എക്സിക്യൂട്ടിവ് ഉത്തരവുകളാണ് പുറത്തിറങ്ങിയത്. യുഎസ് നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നാലെന്ന് മുൻപ് തന്നെ വിദേശകാര്യ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ലോക സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയുടെ നിരീക്ഷണം ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
‘ യുഎസിനുണ്ടാകുന്ന അരക്ഷിത ബോധത്തിൽ നിന്നാണ് ട്രംപ് ഇത്രയും പ്രശ്നമുണ്ടാക്കുന്നത്. വലിയ വെല്ലുവിളി നേരിടുന്നത് കൊണ്ടാണ് ഇത്രയും ഹാർഷും ടഫ്ഫുമായ തീരുമാനങ്ങൾ എടുക്കുന്നത്. നമുക്ക് ഇവരോക്കെ ഭീഷണിയാണെന്ന് അയാൾ തിരിച്ചറിയുന്നു.
ഭാവിയിൽ അമേരിക്കയുടെ സ്ഥിതി അത്ര സുഗമമല്ല. കടം അവരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. അമേരിക്കയ്‌ക്കും ചൈനയ്‌ക്കുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത്. സോഷ്യൽ മീഡിയയിലെ ചില ബിറ്റ് കണ്ടിട്ടാണ് നമ്മൾ നമ്മുടെ രാജ്യത്തെ അനലൈസ് ചെയ്യുന്നത്’, സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.















