ന്യൂഡൽഹി: ഇറക്കുമതി തീരുവ 50 ശതമാനം ഉയർത്തിയ യുഎസ് നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ഇരു രാജ്യങ്ങൾക്കും തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെ ഇരുനേതാക്കളും ശക്തമായി അപലപിച്ചു. ടെലിഫോണിലൂടെയാണ് ഇരുവരും ഹ്രസ്വചർച്ച നടത്തിയത്.
എന്നാൽ, യുഎസ് തീരുവ ഉയർത്തിയതിനെ കുറിച്ച് ചർച്ച നടന്നതായി സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ബ്രസീൽ സന്ദർശനത്തെ കുറിച്ചുമാണ് പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി സംസാരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. കൂടാതെ വ്യാപാര തന്ത്രങ്ങളെ കുറിച്ചും ചർച്ച നടന്നതായാണ് വിവരം. ഇതിനെ കുറിച്ച് പ്രധാനമന്ത്രി എക്സിൽ കുറിച്ചിട്ടുണ്ട്.
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലയുമായി സംഭാഷണം നടത്തി. ബ്രസീൽ സന്ദർശനം അവിസ്മരണീയവും അർത്ഥവത്തായതുമാക്കിയതിന് അദ്ദേഹത്തിന് നന്ദി. വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
യുഎസ് നടപടിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. പ്രത്യാഘാതങ്ങൾ നേരിടാൻ ഭാരതം തയാറാണെന്നും രാജ്യതാത്പര്യങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















