ഇസ്ലാമാബാദ്: ബലാത്സംഗക്കേസിൽ പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്ത് യുകെ പൊലീസ്. പാകിസ്ഥാൻ എ ടീമംഗം ഹൈദർ അലിയാണ് അറസ്റ്റിലായത്. കളിക്കിടെ സ്റ്റേഡിയത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഹൈദർ അലി ഉൾപ്പെടെയുള്ള ടീമംഗങ്ങളുടെ ഇംഗ്ലണ്ട് സന്ദർശനത്തിനിടെയാണ് സംഭവം.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് യുകെയിലെ ബെക്കൻഹാം ഗ്രൗണ്ടിൽ വച്ചായിരുന്നു അറസ്റ്റ്. സംഭവത്തിൽ ഹൈദർ അലിയെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസാണ് പാക് താരത്തെ അറസ്റ്റ് ചെയ്തത്. ഹൈദറിന്റെ പാസ്പോർട്ട് പിടിച്ചെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.
യുകെയിൽ അന്വേഷണം നടത്തുമെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ ഹൈദറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പിസിബി അറിയിച്ചു.















