ഷിംല: ഹിമാചൽ പ്രദേശിൽ ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ മുഴുവൻ പേരും മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചമ്പയിലെ ചുരത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. വാഹനം 500 മീറ്റർ താഴേക്ക് പതിക്കുകയായിരുന്നു.
വീട്ടിലേക്ക് എത്തുന്നതിന് ഒരു കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. ബനിഖേത് സ്വദേശികളായ രാജേഷ്, ഭാര്യ ഹാൻസോ മക്കൾ, ബന്ധുക്കൾ എന്നിവരാണ് മരിച്ചത്. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നത്. ഉഗ്ര ശബ്ദത്തോടെയാണ് വാഹനം കൊക്കയിലേക്ക് പതിച്ചത്. കൂറ്റൻ പാറയുടെ മുകളിലേക്ക് വാഹനം വീഴുകയായിരുന്നു.
കുന്നിൽ മുകളിൽ നിന്നും പാറക്കല്ല് വാഹനത്തിന് മുകളിലേക്ക് വീഴുകയും പിന്നീട് നിയന്ത്രണം നഷ്ടമാവുകയും ചെയ്തിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹിമാചൽ പ്രദേശിൽ അതിശക്തനായ മഴയാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും മറ്റും അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ നിരവധി അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.















