മുംബൈ: കാനഡയിലെ കപിൽ ശർമയുടെ കഫേയ്ക്ക് നേരെ നടന്ന വെടിവയ്പിൽ നിർണായക വിവരങ്ങൾ പുറത്ത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയിയും ഗോൾഡി ധില്ലണും ഏറ്റെടുത്ത സാഹചര്യത്തിലാണ് ചില സൂചനകൾ പുറത്തുവരുന്നത്. കപിൽ ശർമയ്ക്ക് സൽമാൻ ഖാനുമായുള്ള ബന്ധമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
25 തവണയാണ് കഫേയ്ക്ക് നേരെ വെടിവയ്പ് നടന്നത്. നിരവധി വാഹനങ്ങളിലായെത്തിയ സംഘം തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുകയാണ്. വെടിവയ്പിന് മുമ്പ് അക്രമികൾ കപിൽ ശർമയുടെ വീടിന് മുന്നിൽ എത്തിയിരുന്നോയെന്നും താരത്തെ പിന്തുടർന്നിരുന്നോവെന്നും അന്വേഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കപിൽ ശർമയ്ക്ക് പൊലീസ് സുരക്ഷ അനുവദിച്ചേക്കും.
കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിലാണ് ലോറൻസ് ബിഷ്ണോയി സംഘം സൽമാൻ ഖാനെ വിടാതെ പിന്തുടരുന്നത്. സൽമാൻ ഖാനുമായി അടുപ്പമുള്ള ആളുകളെ ഭീഷണിപ്പെടുത്താനാണ് ബിഷ്ണോയി സംഘം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ ബിഷ്ണോയി സംഘം വെടിയുതിർത്തിരുന്നു. തുടർന്ന് താരത്തിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി. രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് കാരണവും സൽമാൻ ഖാനുമായുള്ള അടുത്ത ബന്ധമായിരുന്നു.















