ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അതിശക്തമായ മഴ. ഡൽഹിയിലും നോയിഡയിലും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇടിമിന്നലോടുകൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് 90-ലധികം വിമാനസർവീസുകൾ വൈകുകയും നാലെണ്ണം റദ്ദാക്കുകയും ചെയ്തു.
ഇന്ന് കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസുമായിരിക്കും. വരും ദിവസങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ഓഗസ്റ്റ് 13, 14 തീയതികളിലും ഡൽഹിയിൽ കനത്ത മഴ ലഭിച്ചിരുന്നു.
തുടർച്ചയായി പെയ്ത മഴയിൽ ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. അപകടമേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു.















