തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കില്ല. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഭക്തരുടെ ഭാഗത്ത് നിന്ന് വലിയ തോതിൽ എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. നിലവറ തുറക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇത് ആചാരവിരുദ്ധമാണെന്നും കേന്ദ്രസർക്കാർ പ്രതിനിധിയും ക്ഷേത്രഭരണസമിതി അംഗവുമായ കരമന ജയൻ അറിയിച്ചു. നിലവറ ഉടൻ തുറക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവറ തുറക്കണമെന്ന സംസ്ഥാന സർക്കാർ പ്രതിനിധിയുടെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കില്ല. ചില തത്പര കക്ഷികൾ അനാവശ്യകാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ദേവചൈതന്യമുള്ളതാണ് ബി നിലവറയെന്നും കരമന ജയൻ പറഞ്ഞു.
നിലവറ തുറക്കരുതെന്ന് രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ഭരണസമിതിയുടെ തീരുമാനത്തിന് സുപ്രീംകോടതി വിട്ടിരുന്നു. സുപ്രീംകോടതി നിർദേശിച്ച അഞ്ചംഗ ഭരണസമിതിക്കാണ് നിലവിലെ ക്ഷേത്രത്തിന്റെ ഭരണം. അഡീഷണൽ ജില്ലാ ജഡ്ജി കെ.പി.അനിൽകുമാറാണ് സമിതിയുടെ ചെയർമാൻ. തിരുവിതാകൂർ രാജകുടുംബാംഗം പ്രതിനിധി ആദിത്യവർമ്മ, കേന്ദ്രസർക്കാർ പ്രതിനിധി കരമന ജയൻ, സംസ്ഥാന സർക്കാർ പ്രതിനിധി വേലപ്പൻ നായർ, തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരി എന്നിവരാണ് മറ്റ് അംഗങ്ങൾ.















