എറണാകുളം: സ്വർണക്കടത്തിന് സഹായിച്ചതിന് കസ്റ്റംസ് പ്രിവന്റീവ് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എറണാകുളം സ്വദേശി അനീഷിനെയാണ് പിരിച്ചുവിട്ടത്. നടപടി എടുത്തുകൊണ്ട് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഉത്തരവിറക്കിയിട്ടുണ്ട്.
2023-ൽ സ്വർണം കടത്താൻ ഒത്താശ ചെയ്തതിനാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. അനീഷിനൊപ്പം സ്വർണകടത്തിന് സഹായിച്ച മറ്റൊരു ഇൻസ്പെക്ടറിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യുന്നതിനിടെ അനീഷ് സ്വർണക്കടത്തിന് സഹായിച്ചതെന്നാണ് കണ്ടെത്തൽ.
അബുദാബിയിൽ നിന്നെത്തിച്ച നാല് കിലോയോളം സ്വർണം കടത്താനാണ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തത്. അനീഷ് ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വർണം കടത്തിയതെന്ന് പ്രതികൾ മൊഴി നൽകിയതോടെയാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. സ്വർണക്കടത്തിന് സഹായിച്ചതിന് കഴിഞ്ഞ ആറ് വർഷത്തിനിടെ 14 കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.















