ശ്രീനഗർ: കശ്മീരിലെ കുൽഗാമിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖലിന്റെ ഭാഗമായി നടന്ന തെരച്ചിലിനിടെയാണ് ഓപ്പറേഷൻ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ചിനാർ കോർപ്സ് സൈനികരായ പ്രീത്പാൽ സിംഗ്, ശിപായി ഹർമീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഏറ്റുമുട്ടൽ.
സേനാംഗങ്ങളുടെ വിയോഗത്തിൽ ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി. സൈനികരുടെ ധൈര്യവും ആത്മസമർപ്പണവും നമ്മെ എന്നെന്നും പ്രചോദിപ്പിക്കുമെന്നും അവരുടെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും സൈന്യം എക്സിൽ കുറിച്ചു.
കശ്മീർ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ നടന്നത്. ഉദ്യോഗസ്ഥരെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇടതൂർന്ന മരങ്ങൾക്കിടയിൽ മൂന്ന് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നായിരുന്നു വിവരം. ഗുഹ പോലുള്ള പ്രദേശത്താണ് ഭീകരർ ഒളിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭീകരരെ കണ്ടെത്തുന്നതിനായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഡ്രോണുകൾ ഉപയോഗിച്ചും നിരീക്ഷണം നടത്തിവരികയാണ്. ഓപ്പറേഷൻ അഖൽ ആരംഭിച്ചതിന് പിന്നാലെ പ്രദേശത്ത് തുടർച്ചയായി വെടിവയ്പ്പുകൾ നടന്നു. രാത്രിയും പകലും പ്രദേശത്ത് ഓപ്പറേഷൻ നടക്കുന്നുണ്ട്. ലഷ്കർ ഇ ത്വയ്ബ ഭീകരരാണ് വനമേഖലകളിൽ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം.















