ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പോക്ക് സ്വയം നാശത്തിലേക്കെന്ന് മുതിർന്ന അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ. മറ്റ് രാജ്യങ്ങൾക്കെതിരെ വ്യാപാര യുദ്ധത്തിന് തുടക്കമിട്ട ട്രംപിന് ഇനി അധിക നാൾ നിലനിൽപ്പില്ലെന്ന് സ്റ്റീവ് ഹാങ്കെ പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനമായി തീരുവ ചുമത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ട്രംപിന്റെ താരിഫ് തീരുമാനം “തികച്ചും അസംബന്ധം” ആണ്. എപ്പോൾ വേണമങ്കിലും ആണ്ടുപോയേക്കാവുന്ന മണലിൽ ആണ് അദ്ദേഹം ചവിട്ടി നിൽക്കുന്നത്. ട്രംപ് മുന്നോട്ട് വയ്‌ക്കുന്ന”സാമ്പത്തികശാസ്ത്രം പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ നെപ്പോളിയന്റെ ഉപദേശം പിന്തുടരുന്നതാണ് എല്ലാവർക്കും നല്ലത്. ‘സ്വയം നശിപ്പിക്കുന്ന പ്രക്രിയയ്‌ക്കിടെ ശത്രുവിനെ ഒരിക്കലും തടസ്സപ്പെടുത്തരുതെന്ന’ നെപ്പേളിയൻ വചനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെയും കയ്യിൽ തുറുപ്പ് ചീട്ടുണ്ട്. അവർ അതുമായി അൽപ്പനേരം കാത്തിരിക്കണം. കാരണം ട്രംപിന്റെ ചീട്ടുകൊട്ടാരം അധികം വൈകാതെ തകരും, അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കക്കാരുടെ ചെലവ് മൊത്തം ദേശീയ ഉൽപാദനത്തേക്കാൾ കൂടുതലായതിനാൽ യുഎസിൽ വലിയ വ്യാപാര കമ്മി ഉണ്ടെന്ന് പ്രൊഫസർ ഹാങ്കെ ചൂണ്ടിക്കാട്ടി. യുഎസിന്റെ സാമ്പത്തികശാസ്ത്രവും ട്രംപിന്റെ താരിഫ് സാമ്പത്തികശാസ്ത്രവും തീർത്തും അസംബന്ധമാണെന്നും ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ പ്രൊഫസർ കൂടിയായ ഹാങ്കെ പറഞ്ഞു.















