ന്യൂഡൽഹി: പാകിസ്താനെതിരെയുള്ള ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി സ്ഥിരീകരിച്ച് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്. ഓപ്പറേഷന് ശേഷം പാക് വ്യോമസേനയ്‌ക്കുണ്ടായ നാശനഷ്ടങ്ങളുടെ ഔദ്യോഗിക കണക്കുകളാണിത്. ആറ് വിമാനങ്ങൾ ആകാശത്ത് വച്ചും രണ്ട് വിമാനങ്ങൾ പറന്നിറങ്ങുന്നതിനിടെയും വെടിവച്ചിട്ടതായി വ്യോമസേന മേധാവി വ്യക്തമാക്കി. ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ച റഷ്യൻ നിർമിത എസ്-400 വ്യോമപ്രതിരോധ സംവിധാനത്തെയും എ പി സിംഗ് പ്രശംസിച്ചു. മെയ് ഏഴിന് നടന്ന ഓപ്പറേഷനിൽ തകർന്ന ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ബഹവൽപൂരിൽ- ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങൾ തകർന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഉപഗ്രഹ ചിത്രങ്ങൾ മാത്രമല്ല, പ്രാദേശിക മാദ്ധ്യമങ്ങളിൽ നിന്നും ഞങ്ങൾക്കും ലഭിച്ച ചിത്രങ്ങളുമുണ്ടെന്ന് എയർ മാർഷൽ പറഞ്ഞു.
ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ ആസ്ഥാനമായ മുരിദ്കെ ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്തു. ഭീകരർ ഒത്തുചേരുന്ന സ്ഥലമായിരുന്നു മുരിദ്കെ. ഇവിടെ ഉൾപ്പെടെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തു. നൂറിലധികം ഭീകരരെ വധിച്ചുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.















