ന്യൂഡൽഹി: രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കി .ആർഎസ്പി (ബി), എൻഡിപി സെക്കുലാർ എന്നിവ ഉൾപ്പെടെ കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. രാജ്യത്ത് ആറ് ദേശീയ പാർട്ടികളാണ് ഇപ്പോഴുള്ളത്. ബിജെപി കോൺഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ കക്ഷികൾ.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29A അനുസരിച്ച് ആണ് ഈ നടപടികൾ. ആറ് വർഷത്തേക്ക് തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ലെങ്കിൽ രാഷ്‌ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ആ പാർട്ടിയെ രജിസ്റ്റർ ചെയ്ത പാർട്ടികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പറയുന്നു. കൂടാതെ, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29A അനുസരിച്ച്, രജിസ്ട്രേഷൻ സമയത്ത് പാർട്ടികൾ പേര്, വിലാസം, ഭാരവാഹികൾ തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്, ഇക്കാര്യങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ ഉടൻ തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം എന്നും ചട്ടമുണ്ട്.
ഈ തീരുമാനത്തിൽ പരാതിയുള്ള ഏതൊരു കക്ഷിക്കും ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു.















