ആലപ്പുഴ: നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച പിതാവ് അനസർ സ്ഥിരം ക്രിമിനലെന്ന് പൊലീസ്. ഇയാൾക്കെതിരെ രണ്ട് ലഹരി കേസുകൾ അടക്കം ഏഴ് കേസുകൾ നിലവിലുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന അൻസാർ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് ആലപ്പുഴ എസ്. പി പറഞ്ഞു.
വെള്ളിയാഴ്ചയാണ് പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവരെ പൊലീസ് പിടികൂടിയത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടിയുടെ മുഖത്തുൾപ്പെടെ മർദനത്തിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിവരം തിരക്കിയപ്പോഴാണ് ക്രൂരമർദനത്തിന്റെ വിവരങ്ങൾ കുട്ടി പറഞ്ഞത്. പിന്നാലെയാണ് നേരിട്ട പ്രയാസങ്ങളെയും മർദനത്തെപ്പറ്റിയും ‘എന്റെ അനുഭവം’ എന്ന തലക്കെട്ടിൽ എഴുതിയ കത്ത് ബുക്കിൽനിന്ന് ലഭിച്ചത്.
നിലവിൽ അമ്മൂമ്മയുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്. കുഞ്ഞ് ജനിച്ച് ഏഴാം ദിവസം അമ്മ മരിച്ചിരുന്നു. തുടർന്ന് പിതാവിന്റെ അമ്മയാണ് കുട്ടിയെ സംരക്ഷിച്ചിരുന്നത്. അടുത്തിടെയാണ് കുട്ടി അച്ഛനും രണ്ടാനമ്മയ്‌ക്കൊപ്പം പുതിയ വിട്ടിലേക്ക് മാറിയത്.















