പാലക്കാട്: ക്ഷേത്രത്തിന് നേരെ ആക്രമണം. മണ്ണാർക്കാട് തച്ചമ്പാറ ചൂരിയോട് പരമേശ്വരി ഗുരു മുത്തപ്പൻ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ വാതിലും വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും അക്രമികൾ തകർത്തു. ക്ഷേത്രത്തിലെ വിഗ്രഹം ഇളക്കി മാറ്റാനും ശ്രമമുണ്ടായി.
ക്ഷേത്രത്തിന് സമീപം ദിവ്യാംഗനായ പൂജാരി താമസിക്കുന്ന വീട്ടിലേക്ക് കല്ലുകൾ എറിയുകയും ക്ഷേത്ര കിണറ്റിലെ മോട്ടർ ഉൾപ്പെടെ തകർക്കുകയുമായിരുന്നു. പൂജാരി ബിനേഷ് കുമാറും അദ്ദേഹത്തിന്റെ പ്രായമായ അച്ഛനും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.
പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പൂജാരിക്ക് നേരെ നേരത്തെയും കയ്യേറ്റശ്രമം നടന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മുസ്ലിം മതമൗലികവാദികളെന്ന് ക്ഷേത്ര കമ്മറ്റി പറഞ്ഞു. ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല ടീച്ചർ, ബിജെപി ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആക്രമണം നടത്തിയ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണമെന്നും ഇരുവരും ആവശ്യപ്പെട്ടു.















