തൃശൂർ: സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഇതുവരെ മോചിതരായിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. പ്രവർത്തകരുടെ അകമഴിഞ്ഞ പ്രവർത്തനമാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്നും സിപിഎമ്മും കോൺഗ്രസും തൃശൂരിലെ വോട്ടർമാരെ അപമാനിക്കുകയാണെന്നും എം ടി രമേശ് പറഞ്ഞു.
“സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഇതുവരെ മോചിതരായിട്ടില്ല. കുറച്ചുനാൾ പൂരത്തിന്റെ പുറകെയായിരുന്നു. അത് ക്ലച്ച് പിടിക്കാതെ വന്നതോടെയാണ് വോട്ടർ പട്ടികയുമായി ഇവർ രംഗത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായിട്ടുള്ള ചട്ടങ്ങൾ അനുസരിച്ചാണ് ബിജെപി തൃശൂരിൽ വോട്ട് ചേർത്തിട്ടുള്ളത്”.
“യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ സാധിക്കാതെ പോകുന്നത് രോഗമാണ്. തിരുവനന്തപുരത്ത് നിന്നും വോട്ട് വെട്ടി മാറ്റിയാണ് സുരേഷ് ഗോപിയും കുടുംബവും തൃശൂരിൽ വോട്ട് ചേർത്തത്. ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. സുരേഷ് ഗോപിക്ക് രണ്ട് സ്ഥലത്ത് വോട്ടില്ല. വരുന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയം ആവർത്തിക്കും. അതുകൊണ്ട് യുഡിഎഫും എൽഡിഎഫും ഒരു മുഴം നീട്ടി എറിയുകയാണ്”.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാണ്. വളരെ തിരക്കുള്ള ഒരു മന്ത്രി കൂടിയാണ്. നാട്ടിലെ എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. ജനകീയ വിഷയങ്ങളിൽ എല്ലാം കേന്ദ്രമന്ത്രി കൃത്യമായിട്ട് ഇടപെടുന്നുണ്ട്. ആരെങ്കിലും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കേന്ദ്രമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല. മറുപടി തൃശൂരിലെ ബിജെപി നേതൃത്വം നൽകി കൊള്ളുമെന്നും എം ടി രമേശ് പറഞ്ഞു.















