തിരുവനന്തപുരം: പെട്രോൾ പമ്പിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ വഴിയിലുപേക്ഷിച്ചു. കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഇന്നലെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. കളിക്കാട് പെട്രോൾ പമ്പിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയായിരുന്നു സംഭവം.
പെട്രോൾ അടിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാക്കൾ ബിജുവിന്റെ സമീപത്തേക്ക് എത്തുകയും ബിജുവിനെ വാഹനത്തിൽ നിന്ന് പുറത്തേക്കിറക്കി മർദ്ദിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് ബിജുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കാട്ടാക്കട പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, അന്വേഷണം തുടങ്ങി. ഒടുവില്‍ ബിജുവിനെ സന്ധ്യയോടെ നെടുമങ്ങാട് വച്ച് കണ്ടെത്തി. പിന്നീട് ഇയാളെ കാട്ടാക്കടയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ത്ത പറന്നതിനെ തുടര്‍ന്നു പോലീസ് പിന്നാലെ ഉണ്ടെന്ന് മനസ്സിലാക്കി ഇയാളെ നെടുമങ്ങാട് ഉപേക്ഷിക്കുകയായിരുന്നു എന്ന് അനുമാനിക്കുന്നു.
കൊല്ലം സ്വദേശി റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയത് എന്നാണ് റിപ്പോർട്ട്. യൂറോപ്പില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിജു പണം കൈപ്പറ്റിയിരുന്നു. ജോലിയും പണവും തിരികെ ലഭിക്കാത്തതു കൊണ്ടാണ് ഇയാളെ തട്ടിക്കൊണ്ടുപോയത് എന്നും പറയപ്പെടുന്നു. നെയ്യാറ്റിൻകരയിൽ റാബിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരുന്ന പനച്ചമൂട് സ്വദേശിയായ ബിജുവും കുടുംബവും മൈലോട്ടുമൂഴിയിലെ വാടക വീട്ടിൽ ഒമ്പത് മാസത്തോളമായി താമസിച്ചു വരികയാണ്.















