കൊച്ചി: കോതമംഗലത്ത് 23 കാരിയുടെ ആത്മഹത്യയ്‌ക്ക് പിന്നിൽ ലവ് ജിഹാദെന്ന് സംശയം.കോതമംഗലം സ്വദേശിനി സോന എൽദോസിന്റെ ആത്മഹത്യയിലാണ് യുവാവാവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. പറവൂർ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധിച്ചുവെന്നും മർദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം സ്വദേശിനി സോന എൽദോസ് ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. വീട്ടിൽ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മർദ്ദിച്ചുവെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടർന്നെന്നും പെൺകുട്ടിയുടെ കുറിപ്പിലും വ്യക്തമാകുന്നുണ്ട്.
‘കോളേജ് കാലത്താണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വിവാഹമാലോചിച്ച് റമീസിന്റെ വാപ്പയും ഉമ്മയും വീട്ടിൽ വന്നു. കല്യാണം കഴിക്കണമെങ്കിൽ മതം മാറണമെന്നും ഇല്ലെങ്കിൽ പള്ളിയിൽ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. മതംമാറാമെന്ന് സോന അവരോട് പറഞ്ഞു. ഈ സമയം അച്ഛൻ മരിച്ച് 40 ദിവസം കഴിഞ്ഞതേയുള്ളൂ. ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങൾ പറഞ്ഞു’- സോനയുടെ സഹോദരൻ പറഞ്ഞു.
‘ഇതിനിടെ റമീസിനെ ഇമ്മോറൽ ട്രാഫിക്കിന് ലോഡ്ജിൽ നിന്നുപിടിച്ചു. എന്നിട്ടും അവൾ ക്ഷമിച്ചു. ഇനി രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് അവൾ റമീസിനോട് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു വീട്ടിൽ പോയി. അവിടെ നിന്ന് റമീസ് സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിൽ കുടുംബക്കാരും കൂട്ടുകാരും ഉണ്ടായിരുന്നു. സോനയെ റൂമിൽ പൂട്ടിയിട്ട് മർദിച്ചു. മാനസികമായും പീഡിപ്പിച്ചു. മതംമാറാൻ പൊന്നാനിയിലേക്ക് പോകാൻ വണ്ടി റെഡിയാക്കി നിർത്തിയേക്കുന്നുവെന്ന് പറഞ്ഞായിരുന്നു മർദിച്ചത്. എന്നാൽ അപ്പോൾ മതം മാറാൻ പറ്റില്ലെന്ന് അവൾ പറഞ്ഞു. നീ മരിക്കെന്ന് റമീസ് അവളോട് പറഞ്ഞു. മതം മാറാൻ നിർബന്ധിച്ചുവെന്ന് എഴുതി വച്ചാണ് അവൾ ജീവനൊടുക്കിയത്’- സോനയുടെ സഹോദരൻ പറഞ്ഞു.















