എറണാകുളം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പൊലീസാണ് വിനായകനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. സംഭവത്തിൽ വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് പൊലീസ് അറിയിച്ചു. അധിക്ഷേപ പോസ്റ്റ് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് താരത്തെ ചോദ്യം ചെയ്തത്.
താൻ ഫെയ്സ്ബുക്കിൽ കവിത എഴുതുക മാത്രമാണ് ചെയ്തതെന്നും ഇത് അധിക്ഷേപമല്ലെന്നും വിനായകൻ പൊലീസിനോട് പറഞ്ഞു. രാവിലെ 11 മണിക്കാണ് വിനായകൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. വിനായകന്റെ മൊബൈൽ ഫോണും അന്വേഷണസംഘം പരിശോധിച്ചു.
യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ, മാദ്ധ്യമപ്രവർത്തക എന്നിവർക്കെതിരെയും വിനായകൻ അസഭ്യ പരാമർശങ്ങൾ നടത്തിയിരുന്നു. അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പോസ്റ്റ്. ആധുനിക കവിത എന്ന നിലയ്‌ക്കാണ് താൻ പോസ്റ്റിട്ടതെന്ന് വിനായകൻ പൊലീസിന് മൊഴി നൽകി.
അധിക്ഷേപ പോസ്റ്റിന് പിന്നാലെ വിനായകനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. സിനിമ, സാമൂഹിക രംഗത്ത് നിന്നും വിനായകനെതിരെ വിമർശനങ്ങൾ ഉയർന്നു.















