എറണാകുളം: നെൽകർഷകരുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കർഷകരുടെ സമര പ്രഖ്യാപന കൺവൻഷനും, സെക്രട്ടറിയേറ്റ് നടയിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ കർഷകർ, പ്രത്യേകിച്ച് നെൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എറണാകുളത്ത് നടന്ന കർഷക നേതൃസമ്മേളനമാണ് ധർണ നടത്താൻ തീരുമാനിച്ചത്.
മുൻ ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പാലക്കാട്, തൃശൂർ, കുട്ടനാട്, പത്തനംതിട്ട, കോട്ടയം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷക-പാട ശേഖര സമിതികളുടെ നേതാക്കൾ പങ്കെടുത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണ കുമാർ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ തുടങ്ങിയവർ സംസാരിച്ചു. ഈ മാസം 20-നാണ് പാലക്കാട് കർഷക സമര പ്രഖ്യാപന കൺവൻഷൻ നടക്കുക. 29-ന് തിരുവനന്തപുരത്ത് ധർണയും നടക്കും.
കേരളത്തിലെ കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ഡൽഹിയിൽ കൃഷി- പൊതു വിതരണ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ, സി കൃഷ്ണ കുമാർ, ഷാജി ആർ നായർ എന്നിവരാണ് കഴിഞ്ഞദിവസം ഡൽഹിയിൽ വെച്ച് കേന്ദ്ര മന്ത്രിമാരെക്കണ്ട് കേരളത്തിലെ കർഷക പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയത്.
ഇക്കാര്യങ്ങൾ പഠിക്കുന്നതിന് ഒരു കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. അതിന് ശേഷം കേന്ദ്ര കൃഷിമന്ത്രിയും കേരളം സന്ദർശിക്കും. കേരള സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് യോഗത്തിൽ സംസാരിച്ച കർഷക സംഘടന നേതാക്കൾ പറഞ്ഞു.
കുട്ടനാട് നെൽകർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി സോണിച്ചൻ പുളികുന്ന്, വൈസ് പ്രസിഡന്റ് പി വേലായുധൻ നായർ, രക്ഷാധികാരി കൃഷ്ണപ്രസാദ്, പാലക്കാട് കർഷക സംരക്ഷണ സമിതി ഭാരവാഹികളായ സി . പ്രഭാകരൻ, സി . വിജയൻ ,കെ .ശിവാനന്ദൻ ദേശീയ കർഷക സംരക്ഷണ സമിതി ഭാരവാഹികളായ പാണ്ടിയോട് പ്രഭാകരൻ,രാജേഷ് പെരുവെമ്പ്,വി.ബാലകൃഷ്ണൻ മാസ്റ്റർ ,പറമ്പിക്കുളം ആളിയാർ ജല സംരക്ഷണ സമിതി ജനറൽ സെക്രട്ടറി അഡ്വ.പി. സി.ശിവശങ്കരൻ, കർഷക സമാജം പാലക്കാട് ഭാരവാഹികളായ മുതലാംതോട് മണി , വിജയരാഘവൻ , എ .ബി അരവിന്ദാക്ഷൻ ,പാലക്കാടൻ കർഷക മുന്നേറ്റം ഭാരവാഹി സജീഷ് കുത്തനൂർ , ഗോപൻ ചെന്നിത്തല അപ്പർ കുട്ടനാട് നെല്ല് കർഷക കൂട്ടായ്മ ,ടി.അനിയപ്പൻ ,കൊച്ച് വാവക്കാട് പാടശേഖരസമിതി തുറവൂർ, ജോർജു മാത്യു വാച്ചാ പറമ്പിൽ എന്നിവർ വിവിധ കർഷക സംഘടനകളെ പ്രതിനിധികരിച്ച് പങ്കെടുത്തു.















