കണ്ണൂർ: വാട്സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ചെന്നൈ സ്വദേശികളായ മഹബൂബാഷ് ഫാറൂഖ് (39), റിജാസ് (41) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘം അറസ്റ്റ് ചെയ്തത്. മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്ന് ഓൺലൈൻ വഴി 4.43 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ചെയ്തത്. ഇവർ ഓൺലൈൻ ട്രേഡിംഗ് വഴി ഉയർന്ന വരുമാനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
സൈബർ തട്ടിപ്പുകാർക്ക് അക്കൗണ്ടുകൾ വിൽക്കുന്ന ഏജന്റുമാരാണ് പ്രതികൾ. സോഷ്യൽമീഡിയയിലൂടെ സൗഹൃദം സ്ഥാപിക്കുകയും അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് മറ്റ് വ്യക്തിഗത വിവരങ്ങളോ രേഖകളോ ഒന്നും കൈമാറാതെ ഒരു ചെറിയ തുകയ്‌ക്ക് അക്കൗണ്ടുകൾ വാങ്ങും.
സൈബർ തട്ടിപ്പിനെ കുറിച്ച് വലിയ ധാരണയില്ലാത്ത ആളുകളെയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇങ്ങനെ ഏജന്റുമാർ വിറ്റ അക്കൗണ്ടിലേക്ക് ഏകദേശം 40 ലക്ഷം രൂപയോളം ലഭിച്ചു. ഡോക്ടറിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്നായിരുന്നു ഈ 40 ലക്ഷം അവർ നൽകിയത്. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.















