എറണാകുളം: എം എ ജോൺ സ്മാരക പുരസ്കാരത്തിൽ അവാർഡ് ചോരി ആരോപണം. തിരുവനന്തപുരം എംപി ഡോക്ടർ ശശി തരൂരിന് നിശ്ചയിക്കപ്പെട്ട അവാർഡ് വി ഡി സതീശന് മോഷ്ടിച്ചു നൽകി എന്ന് ആരോപണം. എം എ ജോണിന്റെ കുടുംബാംഗവും അവാർഡ് നിർണയ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആളുമായ ആനന്ദ് കൊച്ചുകുടിയാണ് വി ഡി സതീശനും സംഘത്തിനും എതിരെ വളരെ ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ആഗസ്ത് 11 തിങ്കളാഴ്ച തൃശൂരിൽ വെച്ച് മുൻ എംപി കെ മുരളീധരനാണ് വി ഡി സതീശന് എം എ ജോൺ പുരസ്‌കാരം സമ്മാനിച്ചത്.
“ആരെങ്കിലും ഒരു അവാർഡ് ‘മോഷ്ടിച്ചതായി’ നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കേരള LoP യുടെ (പ്രതിപക്ഷ നേതാവ് ) ഒരു കൗതുകകരമായ കേസ് ഇതാ. ആദ്യം ശശി തരൂരിന് നല്കാൻ നിശ്ചയിച്ച എം.എ. ജോണിന്റെ പേരിൽ ഏർപ്പെടുത്തിയിരുന്ന ഒരു അവാർഡ്, അവാർഡ് ദാന സമിതിയുടെ ഘടനയിൽ മാറ്റം വരുത്തി @vdsatheesan_ തട്ടിയെടുക്കുന്നു” തന്റെ എക്സ് പോസ്റ്റിൽ ആനന്ദ് കൊച്ചുകുടി എഴുതുന്നു.
Have you ever heard of someone ‘stealing’ an award?
Here is a curious case of Kerala LoP @vdsatheesan snatching away an award instituted in the name of MA John – initially conferred to @ShashiTharoor – by simply tinkering with the composition of the award-conferring committee. pic.twitter.com/3G83CbrHxZ
— Anand Kochukudy (@TheKochukudy) August 11, 2025
കോൺഗ്രസിലെ ആദർശവാദികളുടെ കൂട്ടായ്മയായിരുന്ന പരിവർത്തനവാദികളുടെ നേതാവായിരുന്നു എം എ ജോൺ. 1968ൽ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ടി ഓ ബാവക്കെതിരെ എം എ ജോൺ തത്വാധിഷ്ഠിതമായി മത്സരിച്ചിരുന്നു. അതിനു സമാനമായി എ ഐ സിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ദൃഢനിശ്ചയത്തിന് ശശി തരൂരിന് അവാർഡ് നൽകണം എന്നായിരുന്നു അവാർഡ് നിർണ്ണയ സമിതിയുടെ ആദ്യത്തെ തീരുമാനം. ഇതിനായി മുൻ കേരള സാഹിത്യ അക്കാഡമി സെക്രട്ടറിയും തൃശ്ശൂരിലെ സാംസ്കാരിക പ്രവർത്തകനുമായ പി വി കൃഷ്ണൻ നായർ, കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുൻ പ്രസിഡന്റ് എഡിറ്റർ എൻ ശ്രീകുമാർ എം എ ജോണിന്റെ കുടുംബത്തിന്റെ പ്രതിനിധി എന്ന നിലയിൽ ആനന്ദ് കൊച്ചു കൂടി എന്നിവരടങ്ങുന്ന മൂന്നംഗ അവാർഡ് കമ്മിറ്റിയെ തീരുമാനിച്ചു.
ഈ അവാർഡ് നിർണയ സമിതി കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ ഡോ: ശശി തരൂർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ എന്നിവരുടെ പേരുകൾ അവാർഡിന് പരിഗണിച്ചു. ഒടുവിൽ ഈ സമിതി ശശി തരൂരിനെ അവാർഡിന് അർഹനായി തീരുമാനിക്കുകയും, ഈ വിവരം എം എ ജോണിന്റെ കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്ന് ആനന്ദ് കൊച്ചുകൂടി ജനുവരി 26 നു കോഴിക്കോട്ടെത്തി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ശശിതരൂരിനെക്കണ്ട് അവാർഡ് അദ്ദേഹത്തിനാണ് എന്ന് അറിയിക്കുകയും, അവാർഡ് സമർപ്പണത്തിനായി അദ്ദേഹത്തിന്റെ ഡേറ്റ് വാങ്ങിക്കുകയും ചെയ്തു. 2025 ഏപ്രിൽ 13നാണ് ശശി തരൂരിന് അവാർഡ് സമ്മാനിക്കുവാൻ തീരുമാനിച്ചിരുന്നത്.എന്നാൽ ഏപ്രിൽ 13ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് ശശി തരൂരിന് അവാർഡ് സമ്മാനിക്കുവാൻ തീരുമാനിച്ച പരിപാടിയുമായി മുന്നോട്ടു പോകവേ ഫെബ്രുവരി 13ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ അദ്ദേഹം എഴുതിയ കോളം വിവാദമായി.
ആ ലേഖനത്തിൽ പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പ്രശംസിച്ചതിനൊപ്പം, കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തിൽ മാറ്റം വരുത്തിയ സംസ്ഥാന സർക്കാരിന്റെ നിലപാടുകളെയും ശശി തരൂർ അഭിനന്ദിച്ചിരുന്നു. ഇതോടെ തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർക്കും കോൺഗ്രസ് നേതാക്കൾക്കും ശശി തരൂർ അസ്വീകാര്യനായി പുരസ്കാര സമിതിയിലെ മറ്റ് അംഗങ്ങൾ പുരസ്കാര ത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. അവാർഡ് ദാന സമ്മേളനം റദ്ദാക്കിയ വിവരം ശശി തരൂരിനോട് നേരിട്ട് പറയാതെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ച് “ആരെയോ” അറിയിക്കുകയായിരുന്നു.
A Tharoor Event That Was Not To Be | KochiPost
ഈ വസ്തുതകൾ വെളിപ്പെടുത്തിക്കൊണ്ട് ആനന്ദ് കൊച്ചുകുടി തന്റെ എക്സ് അക്കൗണ്ടിലും കൊച്ചി പോസ്റ്റ് എന്ന ബ്ലോഗിലും വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
“ഇന്ത്യൻ നാഷണൽ കോൺഗ്രസ് – കുറഞ്ഞത് തൃശൂരിലെങ്കിലും – കെ.വി. ദാസൻ, ജോസ് ജേക്കബ് തുടങ്ങിയ സംശയാസ്പദമായ നിലപാടുള്ള നേതാക്കളുടെ പാർട്ടിയായി മാറിയിരിക്കുന്നു. അവർ സ്വന്തം പണത്തിനോ ഭൗതിക നേട്ടങ്ങൾക്കോ വേണ്ടി പരിപാടികൾ സംഘടിപ്പിക്കുകയും നേതാക്കൾക്ക് അവാർഡുകൾ നൽകുകയും ചെയ്യുന്നു. അടുത്ത വർഷം കേരളത്തിൽ കോൺഗ്രസ് തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നവർക്ക്, ഈ സംഭവം ആ പാർട്ടി എത്രത്തോളം തകർന്നു എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലായിരിക്കും”.ആനന്ദ് കൊച്ചുകുടി പറയുന്നു.















