തിരുവനന്തപുരം: വോട്ടർപ്പട്ടിക വിവാദത്തിൽ ഇടത് വലതു മുന്നണികൾ ആവർത്തിച്ച് നുണ പറയുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ്. തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാർ നിയന്ത്രിക്കുന്നതല്ല. കോൺഗ്രസ് ജയിച്ച മണ്ഡലങ്ങളിലും ആരോപണം ഉണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ രാഹുൽ ഗാന്ധിക്ക് ഒന്നും പറയാനില്ല. കോൺഗ്രസിന് സുരേഷ് ഗോപിയോട് അസൂയയാണെന്നും അദ്ദേഹം പറഞ്ഞു
ഇരട്ടവോട്ട് ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. വി. ഡി സതീശൻ താമസിക്കുന്നത് ആലുവ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ചെങ്ങമനാട് പഞ്ചായത്തിലാണ്. എന്നിട്ടും പറവൂരിൽ സതീശൻ വോട്ട് ചെയ്യുന്നുണ്ടല്ലോ . ഇങ്ങനെ മത്സരിക്കുന്ന സ്ഥലത്ത് സ്ഥാനാർത്ഥി വോട്ട് ചേർക്കുന്നത് സാധാരണ കാര്യമല്ലേ. ക്യാപിറ്റൾ മാൾ അപ്പാർട്ട്മെൻ്റിൽ കൂടുതൽ ആളെ ചേർത്തത് ബിജെപി ആണോ.തെറ്റ് ചെയ്തിറ്റുണ്ടെങ്കിൽ ക്രിമിനൽ കേസ് എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുന്നണികളും തൃശൂരിലെ വോട്ടർമാരെ അപമാനിക്കുകയാണ്. സുരേഷ് ഗോപിയുടെ വിജയം സുനിൽ കുമാറിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ആരോപണം ഉന്നയിക്കുന്ന സുനിൽ കുമാർ എന്താകൊണ്ടാണ് കോടതിയിൽ പരാതി കൊടുക്കാത്തത്. തൃശൂരിലെ വോട്ടർ പട്ടിക പരിശോധിക്കാൻ ബിജെപി ആവശ്യപ്പെടില്ല. ആവശ്യമുള്ളവർ പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ കോപ്പറേഷനിൽ ബിജെപിയുടെ കുതിപ്പ് തടയാനാണ് രണ്ട് പാർട്ടിയുടെയും ശ്രമമെന്ന് എം. ടി രമേശ് ആരോപിച്ചു.
സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട മന്ത്രി വി ശിവൻകുട്ടിക്കും എം. ടി രമേശ് മറുപടി നൽകി. ശിവൻകുട്ടിക്ക് എന്തും ആവശ്യപ്പെടാം. അദ്ദേഹം രാജിവച്ചാൽ കുട്ടികൾ രക്ഷപ്പെടുമെന്നും എം. ടി രമേശ് പരിഹസിച്ചു.















