തൃശൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരെ ഇന്നലെ നടത്തിയ പരാമർശത്തിന് പിന്നാലെ വീണ്ടും ഒളിയമ്പുമായി കെ മുരളീധരൻ.
“കഴിവുള്ളവരെ എത്ര മാറ്റി നിർത്തിയാലും അവർ സ്വയം മുന്നോട്ടു വരുമെന്നുള്ളതിന്റെ ഉദാഹരണമാണ് കഴിഞ്ഞതവണ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വിഡി സതീശനെ തേടിയെത്തിയത്. പിന്നെ അദ്ദേഹത്തിന് ഒരു ഗുണമുള്ളത് ഏതായാലും ലീഡർ ശ്രീ കെ കരുണാകരന്റെ ശാപം ഏറ്റു വാങ്ങാത്ത ഒരാളാണ് അദ്ദേഹം അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രമോഷന് ഭാവിയിലും തടസ്സം ഉണ്ടാകില്ല എന്ന് ഞാൻ പറയാൻ കാരണം”, എന്നായിരുന്നു മുരളീധരൻ പറഞ്ഞത്.
മറ്റു നേതാക്കൾ ശാപമേറ്റവർ ആണോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് എനിക്ക് അറിയില്ല എന്നായിരുന്നു ഇന്ന് കെ മുരളീധരന്റെ മറുപടി.വി ഡി സതീശൻ കെ കരുണാകരന്റെ ശാപം ഏൽക്കാത്ത നേതാവ് എന്ന പരാമർശം വിവാദമാക്കേണ്ട കാര്യമില്ല എന്നും കെ മുരളീധരൻ വാദിച്ചു.
ഇന്നലെ തൃശ്ശൂരിൽ നടന്ന എം എ ജോൺ പുരസ്കാര സമർപ്പണവേദിയിലാണ് രമേശ് ചെന്നിത്തലയ്‌ക്കും, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരെ മുരളീധരൻ ആഞ്ഞടിച്ചത്. എം എ ജോൺ പുരസ്കാരം പ്രതിപക്ഷനേതാവ് വി ഡി സതീശന് സമർപ്പിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ വിഡി സതീശനെ പുകഴ്‌ത്തുന്നതിന്റെ മറപിടിച്ച് രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ഗുരുത്വദോഷികളാണെന്ന തരത്തിൽ ദയാർത്ഥ പരാമർശങ്ങൾ നടത്തുകയായിരുന്നു കെ മുരളീധരൻ.
ആ വിഷയത്തിൽ ഇന്ന് മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറ്റു നേതാക്കൾ ശാപമേറ്റവർ അല്ല എന്നുറപ്പിച്ചു പറയാതെ അതേക്കുറിച്ച് എനിക്ക് അറിയില്ല എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകുകയായിരുന്നു അദ്ദേഹം.















