തൃശൂർ: വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. കെപിസിസി രാഷ്‌ട്രീയ കാര്യസമിതി അംഗം ടി എൻ പ്രതാപന്റെ വിരട്ടലൊന്നും ബിജെപിയോട് വേണ്ടെന്നും തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിലുള്ള അസൂയയാണ് കോൺഗ്രസിനെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ സമയമുണ്ടായിരുന്നു. അന്ന് ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പഴയ ഉഴുന്നുവട മറന്നിട്ടില്ല. ഒറ്റ ചുംബനം കൊണ്ട് ഉഴുന്നുവടയുടെ അടപ്പിളക്കിയ ആളാണ് പ്രതാപൻ. പ്രതാപന്റെ ചുംബനം കെപിസിസി ഓഫീസിൽ മതി. വേഷംകെട്ട് വേണ്ട. കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അത് അന്വേഷിക്കേണ്ടത്.
കോൺഗ്രസിന്റെ അസൂയയ്‌ക്ക് ബിജെപിയുടെ മറുപടി വിജയം മാത്രമാണ്. തൃശൂർ മാത്രമല്ല, കേരളം മുഴുവൻ വിജയിക്കും. സുരേഷ് ഗോപി രാജിവച്ചാൽ കേരളത്തിലെ 19 എംപിമാരും രാജിവയ്‌ക്കണം. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. സുരേഷ് ഗോപി വേട്ടയാടുകയാണ്. കോൺഗ്രസും ഇടതുപക്ഷവും സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരിലെ വോട്ടർമാരെ അവർ അധിക്ഷേപിക്കുന്നു. സുരേഷ് ഗോപി വിജയിച്ചതിന്റെ അസൂയ കൊണ്ട് കോൺഗ്രസും കമ്യൂണിസ്റ്റും ഓരോ ദിവസവും ഓരോ അധിക്ഷേപം നടത്തുന്നു.
സുരേഷ് ഗോപിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതാപൻ കേസ് നൽകിയത്. പ്രതാപനെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്യും. അധിക്ഷേപം തുടർന്നാണ് അതിശക്തമായി തിരിച്ചടിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.















