തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെയാണ് അപകടമുണ്ടായത്. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിൾ (68), ജോസഫ് (43) എന്നിവരാണ് മരിച്ചത്. വളത്തിലുണ്ടായിരുന്ന മൂന്നുപേർ നീന്തിരക്ഷപ്പെട്ടു.
അഞ്ചുതെങ്ങ് സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള ‘കർമല മാത’ എന്ന വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരമാലയിൽപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മേഖലയിൽ ആവർത്തിച്ച് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപെടുന്നതും മരണപ്പെടുന്നതും സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
മരണങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് അധികാരികൾ നടപടികൾ കൈക്കൊള്ളുന്നതെന്നും വിമർശനമുണ്ട്. ഇതിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ.















