ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്ക സന്ദർശിക്കും. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം യുഎസിലേക്ക് പോകുന്നത്. സെപ്റ്റംബർ 26 ന് അദ്ദേഹം യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.
ഇതിനു മുന്നോടിയായി യുഎസുമായി ഉഭയകക്ഷി ചർച്ചകൾ നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. അധിക തീരുവ, വ്യാപാര കരാർ എന്നിവയുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് ഇതിനു മുൻപ് പരിഹാരമായേക്കും.
സന്ദർശനവേളയിൽ വ്യാപാര കരാർ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എന്നാൽ കാർഷിക- ക്ഷീര മേഖലയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് നിലപാടിൽ ഇന്ത്യ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ്-മോദി കൂടിക്കാഴ്ചയോടെ നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് വിദേശകാര്യ വൃത്തങ്ങൾ നൽകുന്ന വിവരം
താരിഫുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം നിർണ്ണായകമാണ്. യുഎസിനോട് പാകിസ്ഥാൻ അടുക്കുന്നതും ഇന്ത്യയ്‌ക്ക് തലവേദനയാണ്. അതിനാൽ കരുതലോടെയാണ് ഇന്ത്യയുടെ നീക്കം.















