തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ചതിലും, തുടർന്നുണ്ടായ പൊലീസ് നരനായാട്ടിലും, ഇന്ന് സംസ്ഥാന വ്യാപക ബിജെപി പ്രതിഷേധം. തൃശൂരിൽ, ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന എസ്പി ഓഫീസിലേക്കുള്ള മാർച്ചിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറു ശോഭ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. അതേസമയം, ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി പുലർച്ചെ തൃശൂരിലേക്ക് പുറപ്പെട്ടു. രാവിലെ 9.30യോടെ തൃശൂരിൽ എത്തുന്ന സുരേഷ് ഗോപി പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിക്കും.
ഇന്നലെ വൈകുന്നേരം സുരേഷ് ഗോപി എംപിയുടെ ഓഫീസിലേക്ക് സിപിഎം തൃശൂർ ഏരിയ കമ്മിറ്റി നടത്തിയ മാർച്ചിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ഓഫീസിലേക്കുള്ള ദിശാ ബോർഡിൽ കരിഓയിൽ ഒഴിച്ച് ചെരുപ്പ് മാല അണിക്കാനുള്ള ശ്രമമാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയെങ്കിലും നേതാക്കൾ ഇറക്കി കൊണ്ടുപോയി.
പിന്നാലെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ഓഫീസിലേക്ക് നടത്തിയ പ്രതിഷേ മാർച്ച് ഓഫീസിന്റെ 100 മീറ്റർ മുമ്പ് പൊലീസ് തടഞ്ഞു. തുടർന്ന് അവിടെ നിന്നു കൊണ്ട് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കിടയിൽ പൊലീസ് ഒത്താശയോടെ സിപിഎം പ്രവർത്തകർ ഇടിച്ചുകയറി അക്രമിക്കുകയായിരുന്നു. ഇതിനിടെ ബിജെപി പ്രവർത്തകരെ പൊലീസും വളഞ്ഞിട്ട് അക്രമിച്ചു.
പൊലീസിന്റെ ലാത്തിയടിയിൽ ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ ജസ്റ്റിൻ ജേക്കബിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. പൊലീസുകാരൻ പിന്നിൽ നിന്നും തലയ്‌ക്ക് അടിക്കുന്നതും ലാത്തി ഒടിഞ്ഞുപോയതോടെ അവിടെ നിന്നും പിൻവലിയുന്നതുമായ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്
ജില്ലാ ജനറൽ സെക്രട്ടറി പി.കെ ബാബുവിന് സിപിഎമ്മിന്റെ കല്ലേറിൽ പരിക്കേറ്റു. സംസ്ഥാന കമ്മിറ്റിയംഗം ഉല്ലാസ് ബാബുവിനും പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം തൃശൂരിലെ അശ്വനി ആശുപത്രിയിൽ ചികിത്സയിലാണ്















